കണ്ണൂർ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങൾ : താന്ത്രിക വിധിപ്രകാരമുള്ള പൂജകളുള്ള മഹാക്ഷേത്രങ്ങളും, കൗളാചാരമുള്ള ക്ഷേത്രങ്ങളും കാവുകൾ, കോട്ടങ്ങൾ തുടങ്ങി മടപ്പുരകൾ വരെയുള്ള ദ്രാവിഡ ആരാധനകളും തെയ്യവും തോറ്റംപാട്ടും വരെ ഒരുപോലെ കണ്ണൂരിൽ എല്ലായിടത്തും കാണാം ഇന്നും കാണാം. ചരിത്രവും പുരാണവും വാസ്തുവിദ്യയും ഭക്തിയും വിശ്വാസങ്ങളും ഒരുപോലെ സമ്മേളിക്കുന്ന കണ്ണൂരിലെ 10 പ്രധാന ക്ഷേത്രങ്ങൾ താഴെ നൽകുന്നു.
1. തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം (Rajarajeshwara Temple)
പരശു രാമൻ പ്രതിഷ്ഠ നടത്തിയ നൂറ്റെട്ട് ശിവാലയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണിത്. ഇവിടെ വന്ന് സ്വർണ്ണക്കുടം വച്ച് പ്രാർത്ഥിച്ചാൽ തടസ്സങ്ങൾ എല്ലാം മാറി ഉദ്ദിഷ്ടകാര്യസിദ്ധി നേടാൻ സാധിക്കും എന്നതാണ് ഏറെ വിശേഷം. ഇക്കാര്യത്താൽ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള പ്രമുഖ രാഷ്ട്രീയക്കാർ, ബിസിനസുകാർ, സിനിമാ താരങ്ങൾ തുടങ്ങി നിരവധി പേർ സ്ഥിരമായി ദർശനം നടത്തുന്ന ക്ഷേത്രം കൂടിയാണിത്.
- പ്രധാന പ്രതിഷ്ഠ: ശ്രീ രാജരാജേശ്വരൻ (ശിവ ഭഗവാൻ)
- സ്ഥലം: തളിപ്പറമ്പ് ടൗണിൽ നിന്നും വെറും ഒന്നര കിലോമീറ്റർ മാത്രം
പ്രത്യേകത: ഭക്തജനങ്ങൾക്ക് എല്ലാ ദിവസവും രണ്ട് നേരം പ്രസാദ ഊട്ട് ഇവിടെ ഉണ്ട്. നാലമ്പലത്തിൽ സ്ത്രീകൾക്ക് പകൽ സമയങ്ങളിൽ പ്രവേശനം ഇല്ല എന്നതും പ്രത്യേകതയാണ്.
തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തെ കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
രാജരാജേശ്വര ക്ഷേത്രം ഒഫീഷ്യൽ വെബ്സൈറ്റ്:ലിങ്ക്
2. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം (Trichambaram Temple)
കേരളത്തിലെ വൈഷ്ണവ ക്ഷേത്രങ്ങളിൽ സുപ്രധാന സ്ഥാനം വഹിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം. ശ്രീ ശംബര മഹർഷി തപസ്സ് അനുഷ്ഠിച്ച സ്ഥലമായതിനാൽ അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് തൃച്ചംബരം എന്ന പേര് വന്നതത്രേ.
- പ്രതിഷ്ഠ: കംസവധത്തിന് ശേഷമുള്ള രൗദ്രഭാവത്തിൽ ശ്രീകൃഷ്ണ ഭഗവാൻ
- സ്ഥലം: തളിപ്പറമ്പിൽ നിന്നും വെറും അര കിലോമീറ്റർ മാത്രം ദൂരം
- വിശേഷ ആചാരങ്ങൾ: മീന മാസത്തിൽ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ചുള്ള ശ്രീകൃഷണ ബലരാമന്മാർ തമ്മിലുള്ള കൂടിക്കാഴ്ചയും അതിനുശേഷമുള്ള കൂടിപ്പിരിയൽ എന്ന തിടമ്പ് നൃത്ത ചടങ്ങുകൾ ഏറെ പ്രസിദ്ധമാണ്.
ശില്പ വിസ്മയം: കേരളീയ വാസ്തു വിദ്യയുടെയും ചുമർ ചിത്രകലയുടെയും മകുടോദാരമായ ക്ഷേത്രം. ക്ഷേത്രത്തിനു മുന്നിലായി വെള്ളത്തിന് നടുവിലായി ജലദുർഗ്ഗാ ക്ഷേത്രവും സമീപത്തായി ശിവൻ അയ്യപ്പൻ തുടങ്ങിയ ദേവതാ ക്ഷേത്രങ്ങളും ഉണ്ട്. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാൽപ്പായസവും അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പോലെ തന്നെ ഏറെ പ്രസിദ്ധമാണ്.
തൃച്ചംബരംശ്രീകൃഷ്ണ ക്ഷേത്രത്തെ കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
3. കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം (Kanjirangad Vaidyanatha Temple)
രോഗശാന്തിക്കായി ആയിരക്കണക്കിന് ഭക്തർ അഭയം തേടുന്ന മഹാദേവ ക്ഷേത്രം. അനേകം പേർക്ക് ഈ ക്ഷേത്ര ദർശനം നടത്തിയത് മൂലം രോഗശാന്തി ഉണ്ടായതായി തെളിവുകൾ ഉണ്ട്. .
- പ്രതിഷ്ഠ: രോഗങ്ങൾ മാറ്റുന്ന വൈദ്യനാഥ ഭാവത്തിൽ സാക്ഷാൽ പരമശിവൻ
- സ്ഥലം: കാഞ്ഞിരങ്ങാട്, തളിപ്പറമ്പിൽ നിന്നും 6 കിലോമീറ്റർ ദൂരം
- പൂജാ സമയം: രാവിലെ 5:00 – 12:00, വൈകിട്ട് 5:00 – 8:00.
പ്രത്യേകത: ക്ഷേത്രകുളത്തിന് നടുവിൽ മൂന്നോളം കിണറുകൾ ഉണ്ട്. ഈ കിണറുകളിൽ ദിവ്യഔഷധങ്ങൾ മഹർഷിമാർ നിക്ഷേപിച്ചിട്ടുണ്ട് എന്നാണു വിശ്വാസം. അതിനാൽ മാറാവ്യാധികൾ മാറാനായി ക്ഷേത്രക്കുളത്തിൽ കുളിച്ച് തൊഴുന്ന ചടങ്ങ് ഉണ്ട്. ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് ഒരു മലയാള മാസം ആറാം തീയതി ആയതിനാൽ ആറാം തീയതിയും ഞായറാഴ്ചയും വരുന്ന ദിവസങ്ങളിൽ എല്ലായ്പ്പോഴും ഇവിടെ ദർശനം അതി വിശേഷമാണ്.
കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രത്തെ കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
4. ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രം (Cherukunnu Annapoorneshwari Temple)
നിത്യാന്നദാനത്തിന് ഇന്ത്യയിൽ തന്നെ ഏറ്റവും പേരു കേട്ടതും അതിപുരാതനവുമായ ദേവീക്ഷേത്രമാണിത്. സമ്പൽ സമൃദ്ധിയുടെ പ്രതീകമായി ചോറ് മുറം നിറയെ കൊണ്ട് വരുന്ന ചോറ് ഭക്തർക്ക് മുറം കൊണ്ട് തന്നെ വിളമ്പുന്ന വിശേഷ ചടങ്ങ് എല്ലാ ദിവസവും നടക്കുന്നു.
- പ്രതിഷ്ഠ: ഇരു ശ്രീ കോവിലുകളിലായി ശ്രീ അന്നപൂർണ്ണേശ്വരി ദേവിയും, ശ്രീകൃഷ്ണ ഭഗവാനും
- സ്ഥലം: ചെറുകുന്ന് (കണ്ണൂർ നഗരത്തിൽ നിന്നും 15 കി.മീ). ഏറ്റവും അടുത്ത റയിൽവേ സ്റ്റേഷൻ കണ്ണപുരം.
- പ്രത്യേകത: പടിഞ്ഞാറോട്ട് ദർശനമുള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളിലൊന്നാണിത്.
ഐതിഹ്യം: കാശിയിൽ നിന്നും സമുദ്രമാർഗ്ഗം മരക്കപ്പലിൽ ദേവി ചെറുകുന്നിൽ എത്തിച്ചേർന്നു എന്നാണ് ഐതിഹ്യം. മൂഷിക രാജവംശത്തിൻറെ കഥകളിൽ പരമശിക്കുന്ന മഹിഷ്മതിയിൽ നിന്നുള്ള രാജകുമാരിയും ചെറുകുന്നിലമ്മ തന്നെയാണ് എന്ന വിശ്വാസവും ഉണ്ട്.
ചെറുകുന്ന് ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തെ കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
5. വേളം ശ്രീ മഹാഗണപതി ക്ഷേത്രം (Velam Ganapathi Temple)
കണ്ണൂർ ജില്ലയിൽ മയ്യിൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മഹാക്ഷേത്രം. കേരളത്തിലെ തന്നെ ഏറ്റവും ചൈതന്യം നിറഞ്ഞൊഴുകുന്ന അപൂർവ്വം ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണിത്.
- പ്രതിഷ്ഠ: ശ്രീ മഹാഗണപതി. ഗണപതിക്ക് പുറമെ, തളിപ്പറമ്പിലെ പ്രമുഖമായ മൂന്നമ്പല സങ്കൽപ്പത്തിലുള്ള ശ്രീ രാജരാജേശ്വരൻ, ശ്രീ വൈദ്യനാഥൻ, ശ്രീകൃഷ്ണൻ എന്നീ പ്രതിഷ്ഠകളും തുല്യപ്രാധാന്യത്തിൽ ഈ ക്ഷേത്രത്തിൽ ഉണ്ട്.
- സ്ഥലം: വേളം, മയ്യിൽ പഞ്ചായത്ത് (കണ്ണൂർ ടൗണിൽ നിന്നും 20 കി.മീ)
പ്രത്യേകത: ഇവിടെ മഹാഗണപതിക്ക് സ്വർണ്ണ കൊമ്പ് വച്ച് പ്രാർത്ഥിച്ചാൽ നടക്കാത്ത കാര്യങ്ങളില്ല. തടസ്സങ്ങൾ മാറാനും കാര്യസാധ്യത്തിനായി ഗണപതി ഭഗവാന് സ്വർണ്ണ – വെള്ളി കൊമ്പ് സമർപ്പണം, വലിയ വട്ടളം പായസം എന്നിവ ഇവിടെ നിത്യവും നടത്തപ്പെടുന്നു.
വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തെ കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
6. മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രം / മാമാനം അമ്പലം (Mamanikkunnu Temple)
കണ്ണൂർ ജില്ലയിലെ കാശ്മീരി ശൈവ- കൗള ആചാരപ്രകാരമുള്ള പൂജകൾ നടക്കുന്നതും അതീവ ദൈവിക ചൈതന്യം നിറഞ്ഞൊഴുകുന്നതുമായ പ്രസിദ്ധ ദേവീ ക്ഷേത്രം. ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ തന്നെ ദൈവികമായ ഒരു പ്രത്യേക വൈബ്രേഷൻ അനുഭവിക്കാൻ സാധിക്കും. പുരാതന കാലത്ത് തേജസ്വനികളായ നിരവധി മുനിമാർ ആരാധിച്ചിരുന്ന ശക്തിപീഠമാണിത്.
- പ്രതിഷ്ഠ: പ്രധാന പ്രതിഷ്ഠ ആദിപരാശക്തി ശ്രീ ദുർഗ്ഗ / ഭദ്രകാളി. കൂടാതെ ശ്രീ പരമശിവൻ, ഇന്ദ്രാണി, വാരാഹി, മാതംഗി തുടങ്ങി സപ്ത മാതൃക്കൾ, ഗണപതി, വീരഭദ്രൻ, ശാസ്താവ്, നാഗം, ക്ഷേത്രപാലകൻ തുടങ്ങിയ ദേവതകളും ഉണ്ട്.
- സ്ഥലം: ഇരിക്കൂർ പുഴയുടെ തീരത്ത് (കണ്ണൂരിൽ നിന്നും 35 കി.മീ)
- അന്നദാനം: ഉച്ചയ്ക്കും രാത്രിയിലുമായി രണ്ട് നേരം മുഴുവൻ ഭക്തർക്കും അന്നദാനം നടത്തുന്ന മഹാക്ഷേത്രം.
ആചാരങ്ങൾ: ദോഷങ്ങളും തടസ്സങ്ങളും മാറാൻ വേണ്ടി ഇവിടെ നടക്കുന്ന മാറ്റി കൊത്തൽ എന്ന ചടങ്ങ് പ്രസിദ്ധമാണ്. പദ്മശ്രീ മോഹൻലാൽ, സുരേഷ്ഗോപി തുടങ്ങി സിനിമാ സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖർ അടക്കമുള്ളവർ ദർശനം നടത്തുന്ന ക്ഷേത്രം. മുസ്ലിം മതസ്ഥർ പോലും ഭക്തിപൂർവ്വം ഇവിടെ ദർശനം നടത്തി മുട്ടറുക്കൽ ചടങ്ങ് നടത്താറുണ്ട്.
മാമാനികുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തെ കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
7. മാടായിക്കാവ് അഥവാ തിരുവർക്കാട്ട് കാവ് ഭഗവതി ക്ഷേത്രം (Madayikavu Temple)
രുരുചിത് വിധാനത്തിൽ കാശ്മീരി ശൈവ കൗളാചാരപ്രകാരം ആരാധിക്കുന്ന കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രമുഖ ക്ഷേത്രം. കോലത്തിരി (ചിറക്കൽ രാജവംശം) രാജാക്കന്മാരുടെ പരദേവതയാണ് ശ്രീ തിരുവർക്കാട്ട് ഭഗവതി എന്ന മാടായിക്കാവിലമ്മ.
- പ്രതിഷ്ഠ: തിരുവർക്കാട്ട് ഭഗവതി (ശ്രീ ഭദ്രകാളി). സപ്ത മാതൃക്കൾ, ഗണപതി, വീരഭദ്രൻ, പരമശിവൻ, ശാസ്താവ്, ക്ഷേത്രപാലകൻ എന്നീ പ്രതിഷ്ഠകളും ഇവിടെ ഉണ്ട്.
- സ്ഥലം: മാടായി (പഴയങ്ങാടി റൂട്ടിൽ 25 കി.മീ). അടുത്തുള്ള റെയിൽവേസ്റ്റേഷൻ പഴയങ്ങാടി (3 KM).
പ്രത്യേകത: കരിങ്കല്ലിൽ തീർത്ത വിഗ്രഹമാണ് ഇവിടെയുള്ളത്. ശക്തിപൂജ, അകപൂജ തുടങ്ങിയ കൗളാചാര പ്രകാരമുള്ള പൂജകൾക്ക് ശേഷം ദേവിക്ക് നിവേദിച്ച കോഴിയിറച്ചി പ്രസാദമായി ഭക്തർക്ക് നൽകുന്ന അപൂർവ്വ ചടങ്ങ് ഉള്ള ക്ഷേത്രം കൂടിയാണിത്. നിർമ്മാണ ചാരുത കൊണ്ട് ആരെയും അദ്ഭുതപ്പെടുത്തുന്നതാണ് ഇവിടുത്തെ സപ്തമാതൃക്കളുടെയും ഗണപതി, വീരഭദ്രസ്വാമി എന്നിവരുടെയും ജീവൻ തുടിക്കുന്ന വിഗ്രഹങ്ങൾ.
മാടായിക്കാവ് ക്ഷേത്രത്തെ കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
8. കൊട്ടിയൂർ ശിവക്ഷേത്രം (Kottiyoor Temple)
ശബരിമലപോലെ തന്നെ ഉത്സവകാലത്ത്, രാജ്യത്തിലെ എല്ലാ ഭാഗത്ത് നിന്നും ഏറ്റവും കൂടുതൽ ഭക്തർ ദർശനം നടത്തുന്ന കണ്ണൂർ ജില്ലയിലെ പ്രമുഖ ക്ഷേത്രം. അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങൾ ചേർന്ന കൊട്ടിയൂർ അമ്പലം ‘ദക്ഷിണ കാശി’ എന്ന പേരിൽ അറിയപ്പെടുന്നു. പുരാണ പ്രസിദ്ധമായ ദക്ഷയാഗം നടന്നത് ബാവലി പുഴയുടെ തീരത്തുള്ള അക്കരെകൊട്ടിയൂരെ യാഗശാലയിൽ ആണ് എന്നാണ് വിശ്വാസം.
- പ്രതിഷ്ഠ: അക്കരെ കൊട്ടിയൂരിൽ സ്വയംഭൂവായ പരമശിവൻ, സമീപത്തതായി അമ്മാറക്കല്ലിൽ ശ്രീ സതീ ദേവി സാന്നിധ്യം. ഇക്കരെ കൊട്ടിയൂരിൽ പരമേശ്വരനും ശ്രീ പാർവ്വതി ദേവിയും.
- സ്ഥലം: കൊട്ടിയൂർ പഞ്ചായത്ത് (കണ്ണൂരിൽ നിന്നും 72 കി.മീ). അടുത്തുള്ള റെയിൽവേസ്റ്റേഷൻ തലശ്ശേരി.
പ്രത്യേകത: വർഷത്തിൽ, വൈശാഖ മഹോത്സവം നടക്കുന്ന 28 ദിവസം മാത്രമേ അക്കരെ കൊട്ടിയൂരിൽ പ്രവേശനമുള്ളൂ. ആദിവസങ്ങളിൽ ഇക്കരെ കൊട്ടിയൂരിൽ പൂജകൾ നടക്കാറില്ല. വൈശാഖ മഹോത്സവത്തിന് ശേഷം എല്ലാ ദിവസവും ഇക്കരെ കൊട്ടിയൂരിൽ പൂജകൾ നടക്കാറുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനം ഇവിടെ ഉണ്ട്.
കൊട്ടിയൂർ ക്ഷേത്രത്തെ കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
9. മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രം (Mridanga Saileshwari Temple)
മഹാത്ഭുതങ്ങളിലൂടെയും ഭക്തജനങ്ങൾക്ക് കിട്ടുന്ന അത്ഭുതകരമായ അനുഗ്രഹങ്ങളാലും ഏറെ പ്രസിദ്ധമായ ദേവീക്ഷേത്രം. ശ്രീ പരശുരാമൻ പ്രതിഷ്ഠിച്ച 108 ദേവീക്ഷേത്രങ്ങളിൽ ഒന്ന്. കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയുടെ ആരംഭം ഈ ക്ഷേത്രത്തിൽ നിന്നാണ്.
- പ്രധാന പ്രതിഷ്ഠ: ശ്രീ ദുർഗ്ഗാ ഭഗവതി.
- സ്ഥലം: മുഴക്കുന്ന്, ഇരിട്ടി-പേരാവൂർ റൂട്ട് (കണ്ണൂരിൽ നിന്നും 45 കി.മീ).
പ്രത്യേകത: കേരളസിംഹം കേരളവർമ്മ പഴശ്ശിരാജയുടെ പരദേവതാ ക്ഷേത്രം കൂടിയാണിത്. നഷ്ടപ്പെട്ടുപോയ വസ്തുക്കൾ തിരിച്ചു ലഭിക്കാൻ വേണ്ടിയും, അഭീഷ്ട സിദ്ധിക്കും ആയി ഇവിടെ പൂജകൾ നടത്തുന്നത് വേഗത്തിൽ ഫലം ലഭിക്കുന്നു എന്ന് അനുഭവസ്ഥരായ ഭക്തന്മാർ ഇന്നും സാക്ഷ്യപ്പെടുത്തുന്നു.
ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തെ കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
10. പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുര (Parassinikadavu Muthappan Temple)
വളപട്ടണം – പറശ്ശിനി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം വടക്കേ മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ്. ദ്രാവിഡ ആചാര പ്രകാരമുള്ള മദ്യം അടക്കമുള്ള ദ്രവ്യങ്ങൾ നിവേദിച്ചുകൊണ്ടുള്ള പൂജകളും മുത്തപ്പൻ തിരുവപ്പന തുടങ്ങിയ തെയ്യക്കോലങ്ങളും സ്ഥിരമായി കെട്ടിയാടപ്പെടുന്നു. ജാതി-മത-വർണ്ണ ഭേദമന്യേ എല്ലാവർക്കും ഇവിടെ പ്രവേശനം ഉണ്ട്. മുത്തപ്പ ആരാധനാ കേന്ദ്രങ്ങൾ അമ്പലം എന്നോ ക്ഷേത്രം എന്നോ അല്ലാതെ, മടപ്പുര എന്ന പേരിലാണ് അറിയപ്പെടുന്നത്.
- പ്രതിഷ്ഠ: ശിവ-വിഷ്ണു ചൈതന്യങ്ങളുടെ സങ്കൽപ്പത്തിൽ ശ്രീ മുത്തപ്പൻ – തിരുവപ്പന.
- സ്ഥലം: പറശ്ശിനി പുഴയോരം (കണ്ണൂരിൽ നിന്നും വെറും 20 കി.മീ).
പ്രത്യേകതകൾ: വിശ്വാസപ്രകാരം വേട്ടക്കാരനായിരുന്ന ശ്രീ മുത്തപ്പന്റെ കൂട്ടിന് നായകൾ ഉണ്ടായിരുന്നതിനാൽ നായ്ക്കൾക്ക് ഈ മടപ്പുരയിൽ പ്രത്യേക സ്ഥാനമുണ്ട്. പറശിനിക്കടവ് ശ്രീമുത്തപ്പൻ മടപ്പുരയിൽ ഉച്ചയ്ക്കും രാത്രിയുമായി ദിവസവും രണ്ട് നേരം അന്നദാനം ഉണ്ട്. കൂടാതെ, മിക്കവാറും സമയങ്ങളിൽ പ്രസാദമായി വേവിച്ച പയർ, തേങ്ങാപ്പൂൾ എന്നിവയും ചായയും പ്രസാദമായി എല്ലാ ഭക്തർക്കും സൗജന്യമായി നൽകുകയും ചെയ്യുന്നു.
ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്രത്തെ കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ഭക്തരുടെ പൊതുവായ സംശയങ്ങളും മറുപടികളും (FAQ)
കണ്ണൂരിലെ ഏറ്റവും പ്രധാനപ്പെട്ട ശിവ ക്ഷേത്രം ഏതാണ്?
പരശുരാമൻ പ്രതിഷ്ഠ നടത്തിയ നൂറ്റെട്ട് ശിവാലയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം ആണ് കണ്ണൂരിലെ പ്രധാന ശിവക്ഷേത്രമായി കണക്കാക്കപ്പെടുന്നത്.
നിത്യാന്നദാനത്തിന് ഇന്ത്യയിൽ തന്നെ പേരു കേട്ട കണ്ണൂരിലെ ദേവീക്ഷേത്രം ഏതാണ്?
ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രം. ചോറ് തവിയോ മറ്റ് പത്രങ്ങളോ ഉപയോഗിക്കാതെ മുറം കൊണ്ട് തന്നെ ഭക്തർക്കായി വിളമ്പുന്ന വിശേഷ ചടങ്ങ് ഇവിടെ എല്ലാ ദിവസവും നടക്കുന്നു.
ഏത് ക്ഷേത്രത്തിലാണ് മാംസാഹാരം പ്രസാദമായി നൽകുന്നത്?
മാടായിക്കാവ് അഥവാ തിരുവർക്കാട്ട് കാവ് ഭഗവതി ക്ഷേത്രത്തിൽ കൗളാചാര പ്രകാരമുള്ള പൂജകൾക്ക് ശേഷം ദേവിക്ക് നിവേദിച്ച മാംസാഹാരം (കോഴിയിറച്ചി) പ്രസാദമായി ഭക്തർക്ക് നൽകുന്നു.
പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയുടെ പ്രത്യേകത എന്താണ്?
വേവിച്ച പയറും തേങ്ങാപ്പൂളും ചായയുമാണ് പ്രധാന പ്രസാദമായി നൽകുന്നത്. നായ്ക്കൾക്ക് ഈ മടപ്പുരയിൽ പ്രത്യേക സ്ഥാനമുണ്ട്. തെങ്ങിൻ കള്ള്, ചുട്ട മൽസ്യം തുടങ്ങിയവയും മുത്തപ്പന് നിവേദിക്കുന്നു.
കൂടുതൽ സനാതന ധർമ്മ – ഹൈന്ദവ ആത്മീയ അറിവുകൾക്കും ക്ഷേത്ര വിശേഷങ്ങൾക്കുമായി KSHETHRAVEEDHI സ്ഥിരമായി സന്ദർശിക്കുക.